നാല്പതുകളിലേക്ക് കടക്കുമ്പോൾ, കാലത്തിന്റെ കണ്ണാടിയിൽ മുഖം മാത്രമല്ല, ഹൃദയത്തിന്റെ ചുളിവുകളും കാണാം.
വെള്ളികെട്ടിയ മുടിയിഴകളിൽ,
പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെ
യൗവ്വനം ഇപ്പോഴും തുളുമ്പുന്നതു കാണാം.
പ്രമേഹം തളർത്തിയ ഹൃദയവാൽവുകളിൽ
ഇന്നലെകളുടെ ഭാരമുണ്ടെങ്കിലും
ചെവിയോർത്ത് കേൾക്കുമ്പോൾ
തിടുക്കത്തിൽ മിടിക്കുന്ന സ്വപ്നങ്ങളുടെ,
പുതിയ പ്രതീക്ഷകളുടെ ,
ഹൃദയതാളവും കേൾക്കാം
പറക്കാൻ ചിറകുകൾ വിടർത്തുന്ന
സ്വപ്നങ്ങൾ മാത്രമല്ല
മണ്ണിൽ പിടിച്ചുനിൽക്കാൻ പഠിപ്പിച്ച
വേരുകൾ നൽകിയ
ആത്‌മവിശ്വാസവും കാണാം.
മടിയിൽ,
മക്കളുടെ ചിരിയിൽ
സ്വന്തം ബാല്യം കാണാം.
ചില തോൽവികൾ
ചിരിയായി മാറുന്നത് കാണാം.
ചില ചിരിയുടെ കൺകോണുകളിൽ
കാണാതെപോയ
കണ്ണീരുറവകൾ കാണാം...
എങ്കിലും
മുന്പത്തെ ഓട്ടം നടക്കലാവുന്നു...
ഇടയ്‌ക്കൊട്ടൊക്കെ ശ്വാസം കിട്ടാതെ
കിതയ്ക്കലാകുന്നു.
നാല്പതിന്റെ രാവിരുളുകൾക്കു
ഒരു വിചിത്രമായ സൗന്ദര്യമുണ്ട്—
വേദനകൾ പഠിപ്പിച്ച ക്ഷമ,
കാത്തിരിപ്പുകൾ തന്ന ശക്തി,
നഷ്ടപ്പെടലുകളുടെ വിങ്ങലുകൾ...
ഒക്കെ ചേർന്ന് ഒരുപുതു
ഞാനെന്ന എന്നെ കണ്ടെത്താൻ
അത് പഠിപ്പിക്കുന്നു.
നാല്പതുകളിൽനിന്നു
പിന്നോട്ടു നോക്കുമ്പോൾ,
സങ്കടങ്ങളും സന്തോഷങ്ങളും
ഒരു കവിതയായ് വിരിയുന്നതു കാണാം.
തിരക്കുകൾക്കപ്പുറം,
മനസ്സ് ശാന്തമായൊഴുകുന്നതു കാണാം.
നാല്പതുകളിൽ -
ജീവിതം അവസാനിക്കുന്നില്ല,
മറിച്ച്,
തിരിച്ചറിവുകൾക്ക് തീവ്രതയേറുന്നു.
പുതിയ ചിന്തകളുടെ നിറങ്ങളിൽ
വസന്തം വിരിയുന്നു.
കണ്ണടവെച്ച കാഴ്ചകൾക്ക്
വെളിച്ചമുണ്ടാകുന്നു.
നിറങ്ങൾക്ക് പുതിയ
തെളിച്ചമുണ്ടാകുന്നു
നാല്പതുകളിൽ -
ജീവിതം അവസാനിക്കുന്നില്ല,
മറിച്ച്, പുതിയൊരു
വസന്തം വിരിയുന്നു...
നാല്പതുകളിൽ -
പുതിയൊരു വസന്തം വിരിയുന്നു
No comments:
Post a Comment