Saturday, July 20, 2019

വർത്തമാനത്തിലെ മഴ

മഴ നിയതമല്ലാത്ത
ചില വഴികളിലൂടെ
പിന്തിരിഞ്ഞു നടക്കാൻ
മനസ്സിനെ പ്രേരിപ്പിക്കാറുണ്ട്...
ജലഭാരം പേറിയ
നിറയെ ഇലകളുള്ളൊരു
മരച്ചില്ലയിൽ
ഈറൻ കാറ്റുപിടിച്ച പോലെ
ഓർമകളാൽ തളർന്നു വീഴാൻ
വിതുമ്പുന്നൊരു മനസ്സ്,
ഓരോ ചുവടിലും
കാലങ്ങൾ താണ്ടിയകലുമ്പോൾ
മിന്നിമറയുന്ന നരകയറിയ
പല മുഖങ്ങൾക്കും
ഐഡന്റിറ്റി നഷ്ട്ടപ്പെട്ടു
തുടങ്ങിയിരിക്കുന്നു...

ഫേസ്ബുക് പ്രൊഫൈലിലെ
തുടുത്ത മുഖങ്ങളൊക്കെയും
ആവരണങ്ങൾ അഴിച്ചു മാറ്റി
ഫേസ് ആപ്പിന്റെ കൺവെർട്ടഡ്
രൂപവും ഭാവവും
ആവാഹിച്ചിരിക്കുന്നു...

അപരിചിതത്വത്തിന്റെ
ചവറ്റുകൂനയിൽ തട്ടി
മുന്നോട്ടുള്ള യാത്ര
അസഹ്യമായിരിക്കുന്നു...
കപോലങ്ങൾ കൈകളിലേന്തിയ
ആസുരരൂപികൾ
അരയ്ക്കു ചുറ്റിനും
കെട്ടിഞാത്തിയ മണികളും
മുലകളും അഴിഞ്ഞുലയുമാറ്
നൃത്തം ചെയ്യുന്നു;
ആർത്തലയ്ക്കുന്നു...

ദിഗന്തങ്ങളിൽ
പ്രതിധ്വനി മുഴക്കുന്ന
ഡമരുഭേരികൾ
ഹൃദയ ഭിത്തികളെ
തകർക്കാൻ വെമ്പുന്നു.
രക്തമിറ്റു വീഴുന്ന
ശൂലമുനകൾ
കനത്ത ഇരുട്ടിലും
ലക്ഷ്യം ഭേദിക്കുമ്പോൾ
ഇരയുടെ നിലവിളികൾ
വേദമന്ത്രങ്ങളിൽ
മുങ്ങിപ്പോകുന്നു...

അങ്ങനെ അങ്ങനെ
ഏതോ ഒരു
പൂർവകാലത്തിൽ
പരിചിത ശബ്ദങ്ങളും മുഖങ്ങളും
സ്വത്വവും നഷ്ട്ടപ്പെട്ട
എന്റെ തിരിച്ചു പോക്ക്
അസാധ്യമായിതീർന്നിരിക്കുന്നു ...

എനിക്കെന്റെ വഴി
നഷ്ടമായിരിക്കുന്നു...

ഇപ്പോഴും അങ്ങകലെ
വർത്തമാനത്തിൽ
മഴ പെയ്യുന്നുണ്ടാകാം...
മണ്ണിനെയും മരങ്ങളെയും
പുണർന്നൊരു മഴ
ഒഴുകുന്നുണ്ടാകാം...


No comments:

Post a Comment