Thursday, March 24, 2016

നീയുണ്ടാകണം

-----------------------------------------------------
മടക്കയാത്രയിലെങ്കിലും
നമുക്ക് കൈകോർത്തു നടക്കണം...
പേരറിയാത്ത കുന്നിൻ ചെരുവുകളിലൂടെ
നീളമുള്ള നിഴലുകളിൽ ചവിട്ടി
അസ്തമയത്തിനു നേർക്ക്‌ നടക്കണം..

നിന്റെ മുടിയിഴകൾ
മഞ്ഞിന്റെ കുളിരുള്ള മരവിച്ച കാറ്റിൽ
എന്റെ മുഖത്ത് പരതിനടക്കണം...

മഞ്ഞുമലകളിൽ തട്ടി
നമ്മുടെ പൊട്ടിച്ചിരികൾ
പ്രതിധ്വനിക്കണം...

ഒരു ഗിരി ശിഖരത്തിന്റെ ഒരിക്കലും
അവസാനിക്കാത്ത വിള്ളലിലൂടെ
നമുക്ക് അനന്തതയിലേക്ക് ഊർന്നിറങ്ങണം

ഒടുവിലുയരങ്ങളിൽനിന്നു
ഒരു ഹിമപാതം വന്നു നമ്മെ മൂടണം...

പോയ സംവത്സരങ്ങളിലെ ഹൃദയ വ്യഥയേറ്റ്
കറുത്ത് വിണ്ടുകീറിയ എന്റെ വലതു കവിളിൽ
ഇടതു കരം ചേർത്ത്
എന്റെ ഹൃദയത്തിന്റെ
അവസാന മിടിപ്പിലേക്ക് കാതോർത്ത്
അവിടെ നീയുണ്ടാകണം...
---------------------------------------------------------------

No comments:

Post a Comment